പാരീസ്: ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിഷയത്തിൽ ഫിനാഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്)പാകിസ്ഥാനെ ' ഡാര്‍ക്ക് ഗ്രേ' പട്ടികയില്‍ ഉൾപ്പെടുത്താൻ സാധ്യത. അവസാന മുന്നറിയിപ്പെന്ന നിലയിലാണ് 'ഡാര്‍ക്ക് ഗ്രേ' പട്ടികയില്‍ ഉള്‍പ്പെടുത്തുക. കരിമ്പട്ടികയ്ക്ക് തൊട്ടുമുമ്പുള്ള ഘട്ടമാണ് ' ഡാര്‍ക്ക് ഗ്രേ' .
ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നതിനാല്‍ എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ ഒറ്റപ്പെടുത്തിയേക്കും. ഇതിനിടെ എഫ്എടിഎഫിന്‍റെ നിർദേശങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാൻ വിവിധ അംഗരാജ്യങ്ങളെ സമീപിച്ചു. പാരീസിൽ നടക്കുന്ന എഫ്എടിഎഫ് യോഗത്തിൽ ഇത് സംബന്ധിച്ച പാകിസ്ഥാന്‍റെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാകും കരിമ്പട്ടിക പ്രഖ്യാപനമുണ്ടാകുക.
ഓഗസ്റ്റിൽ ബാങ്കോക്കിൽ നടന്ന ടാസ്‌ക് ഫോഴ്‌സിന്‍റെ ഏഷ്യ പസഫിക് ജോയിന്‍റ് ഗ്രൂപ്പ് യോഗത്തിലെ ആക്ഷൻ പ്ലാനിലെ 27 നിർദേശങ്ങളിൽ ആറെണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പാക്കിയിട്ടുള്ളത്. ഇതും പാകിസ്ഥാന് തിരിച്ചടിയാകും.