കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ചൊവ്വാഴ്ച മുസ്ലീം പള്ളിക്കെതിരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആത്മീയ നേതാവടക്കം രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. അഫ്ഗാൻ ഭരണകൂടത്തോട് കൂറ് പുലർത്തിയിരുന്ന ആത്മീയ നേതാവ് അയാസ് നിയാസിയെ ലക്ഷ്യം വെച്ചുള്ള അക്രമണമായിരുന്നുവെന്ന് ഐഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആത്മീയ നേതാവിന്‍റെ ഖബറടക്കം ഇതേ പള്ളിയിൽ വെച്ചുതന്നെ നടത്തി. അഫ്‌ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയടക്കം ആദരാഞ്ജലികൾ അർപ്പിച്ചു. കാബൂൾ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ ടിവി സ്റ്റേഷന്റെ ബസിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തു.