ടെഹ്‌റാന്‍: ഇറാഖിലെ രണ്ട് യുഎസ് സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി ഇറാന്‍. യുഎസ് ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍റെ തിരിച്ചടി. പത്തോളം മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണം യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎസിനും മറ്റ് പ്രാദേശിക സഖ്യകക്ഷികൾക്കും മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷണറി ഗാർഡ് രംഗത്തെത്തി. ആക്രമണത്തിന് പിന്നാലെ മുന്‍ ഇറാനിയന്‍ ആണവ കരാറുദ്യോഗസ്ഥന്‍ ഇസ്ലാമിക് റിപ്പബ്ലിക് പതാകയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. ബാഗ്‌ദാദിൽ യുഎസ് ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും അമേരിക്കൻ പതാകയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'സുലൈമാനിയുടെ രക്തസാക്ഷിത്വം' എന്ന അര്‍ത്ഥം വരുന്ന 'മാര്‍ട്ടിയര്‍ സുലൈമാനി' എന്നാണ് ഇറാന്‍റെ സൈനിക ഓപ്പറേഷന്‍റെ പേരെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കെര്‍മാനില്‍ ചൊവ്വാഴ്‌ച സംസ്‌കരിച്ചു. തിങ്കളാഴ്‌ച ടെഹ്‌റാനിൽ നടന്ന വിലാപയാത്രയില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.