ന്യൂഡല്‍ഹി: ചൈനയിലെ ഇന്ത്യന്‍ അധ്യാപികക്ക് അജ്ഞാത വൈറസ് ബാധ. 45 വയസുകാരിയായ പ്രീതി മഹേശ്വരിക്കാണ് വൈറസ് ബാധയേറ്റത്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാര്‍സ് സിന്‍ഡ്രോമാണെന്നാണ് പ്രാഥമിക നിഗമനം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍, ചൈനയിലെ അജ്ഞാത വൈറസ് ബാധിക്കുന്ന ആദ്യ വിദേശി കൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു പ്രീതിയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയില്‍ ബിസിനസുകാരനായ ഭര്‍ത്താവിന് ഇവരെ കാണാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
അതേസമയം ചൈനയിലെ വുഹാനില്‍ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ മരണം രണ്ടായി. ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്‍റ് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അഞ്ഞൂറിലധികം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ് വുഹാനിൽ പഠിക്കുന്നത്. വുഹാനിലെയും ഷെന്‍സ്‌ഹെനിലെയും വൈറസ് ബാധയേറ്റ് 64 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2002-03 കാലഘട്ടത്തിലുണ്ടായ കൊറോണ വൈറസ് ബാധയേറ്റ് 650ലധികം പേര്‍ക്കായിരുന്നു ഹോങ്കോങില്‍ ജീവന്‍ നഷ്‌ടപ്പെട്ടത്.