ബീജിങ്: ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്ര വെള്ളിയാഴ്ച ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലുവോ ഷാവോയിയുമായി കൂടികാഴ്ച നടത്തി. സന്ദർശനത്തിൽ കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് ഇരുവരും സംസാരിച്ചതായി അധികൃതർ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര, ഡെപ്‌സാങ് തുടങ്ങിയ മേഖലകളിലെ വേഗത്തിലുള്ള സൈനിക പിൻമാറ്റത്തിന് കഴിഞ്ഞ മാസം നടന്ന പത്താംവട്ട സീനിയർ കമാൻഡേഴ്‌സ് തല മീറ്റിങ്ങിൽ ചർച്ചയായിരുന്നു. കിഴക്കൻ ലഡാക്കിലെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ പിൻവാങ്ങൽ പ്രക്രിയ നേരത്തേ പൂർത്തിയാക്കുന്നത് ഉറപ്പാക്കുന്നതിന് നിലവിലുള്ള ഉഭയകക്ഷി കൂടിയാലോചന സംവിധാനങ്ങളിലൂടെ ചൈനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയുമായി വിശദമായ ചർച്ച നടത്തിയെന്നും ഹോട്ട്‌ലൈൻ സ്ഥാപിക്കാൻ സമ്മതിച്ചതായും എംഎഎ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയിരുന്നു.