ഇസ്ലാമാബാദ്: ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങൾക്കെതിരെ നടത്തിയ വംശഹത്യയെന്നാരോപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഏഴ് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്നത്. വ്യാജ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇമ്രാന്‍ ഖാന്‍ വീഡിയോ പിന്‍വലിച്ചു.
'ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങൾക്കെതിരെ ഇന്ത്യന്‍ പൊലീസ് നടത്തിയ വംശഹത്യ' എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ബംഗ്ലാദേശ് പൊലീസ് നടത്തിയ ആക്രമണമാണ് ഏഴ് വര്‍ഷം പഴക്കമുള്ള വീഡിയോയിലുള്ളത്. വീഡിയോയിലെ പൊലീസുകാര്‍ ഉപയോഗിച്ചിരിക്കുന്ന കവചമാണ് ഇത് ബംഗ്ലാദേശിലെ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍റേതാണെന്ന് വ്യക്തമാക്കുന്നത്. ബംഗ്ലാദേശ് പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍.