ഇസ്ലാമാബാദ്: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന നിരോധിത സംഘടനയുടെ പ്രശ്‌നം അഫ്‌ഗാനിസ്ഥാനല്ല പാകിസ്ഥാൻ സർക്കാരാണ് പരിഹരിക്കേണ്ടതാണെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. ശനിയാഴ്ച ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സബീഹുല്ല മുജാഹിദ് പ്രതികരണം നടത്തിയത്.
അഫ്‌ഗാൻ-പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലുള്ള പഷ്‌തൂൺ ഇസ്ലാമിസ്റ്റ് സായുധ വിദ്യാർഥി സംഘടനകളുടെ നേതൃ സ്ഥാനത്തുള്ള സംഘടനയാണ് തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ( ടിടിപി). ഈ സംഘടനയെ പാക്കിസ്ഥാനി താലിബാൻ എന്നും വിളിക്കപ്പെടുന്നു.
ടിടിപിയുടെ പ്രശ്‌നം പാകിസ്ഥാൻ കൈകാര്യം ചെയ്യേണ്ടതാണ്. ആ സംഘടനയുടെ പ്രവർത്തനത്തിന്‍റെ നിയമസാധുത അല്ലെങ്കിൽ നിയമവിരുദ്ധതയെക്കുറിച്ച് തീരുമാനിക്കേണ്ടത് പാകിസ്ഥാനും പാകിസ്ഥാൻ മതവിശ്വാസികളുമാണ്, താലിബാനല്ല. എന്നിരുന്നാലും, മറ്റൊരു രാജ്യത്തിനെതിരെ അഫ്‌ഗാൻ മണ്ണ് ഉപയോഗിക്കാൻ താലിബാൻ ആരെയും അനുവദിക്കില്ല, സബീഹുല്ല മുജാഹിദ് പറഞ്ഞു.
'അഫ്‌ഗാൻ താലിബാനെ' തങ്ങളുടെ നേതാവായി ടിടിപി പരിഗണിക്കുകയാണെങ്കിൽ ടിടിപിക്ക് അഫ്‌ഗാൻ താലിബാൻ പറയുന്നത് കേൾക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ടിടിപി എന്ന ഭീകരസംഘടനയിൽപ്പെട്ട നിരവധി ഭീകരരെ താലിബാൻ രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അഫ്‌ഗാനിസ്ഥാനിലെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിരുന്നു.
താലിബാന്‍റെ സർക്കാർ പ്രഖ്യാപനം
അതേസമയം അഫ്‌ഗാനിസ്ഥാനിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാർ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സബീഹുല്ല മുജാഹിദ് പറഞ്ഞു. ഒരു സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ദൈനംദിന പ്രവർത്തനങ്ങളും വ്യാപാര, നയതന്ത്ര കാര്യങ്ങളും കാരണമാണ് പ്രഖ്യാപനം വൈകുന്നത്.
അഫ്‌ഗാൻ മുൻ പ്രസിഡന്‍റ് ഹമീദ് കർസായിയുടെയും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഡോ. അബ്‌ദുള്ള അബ്‌ദുള്ളയുടെയും മുൻ വൈസ് പ്രസിഡന്‍റുമാരായ യൂനുസ് ഖാനുനിയുടെയും അബ്‌ദുല്‍ റാഷിദ് ദോസ്തുമിന്‍റെയും ഉപദേശം പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് സ്വീകരിച്ചിട്ടുണ്ട്, സബീഹുല്ല മുജാഹിദ് കൂട്ടിച്ചേർത്തു.