ഇസ്‌ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് നേരെ വീണ്ടും വിമർശനശരം. ഇത്തവണ രാജ്യത്തിന്‍റെ ആണവ പദ്ധതിയെ കുറിച്ചുള്ള ഇമ്രാൻ ഖാന്‍റെ പ്രസ്താവനയാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. അമേരിക്കൻ മാധ്യമ പ്രവർത്തകനുമായുള്ള അഭിമുഖത്തിനിടെ രാജ്യത്തെ ആണവ പദ്ധതിയുടെ ഏക ലക്ഷ്യം പ്രതിരോധം ആയിരുന്നുവെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
എന്നാൽ, രാജ്യത്തിന്‍റെ ആണവ പദ്ധതി ഇല്ലാതാക്കാനുള്ള 'വിദേശ അജണ്ട' നിറവേറ്റുന്നതിനാണ് ഇമ്രാൻ ഖാൻ അധികാരത്തിലേറിയതെന്ന് പ്രതിപക്ഷമായ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) ആരോപിച്ചു. പാകിസ്ഥാൻ പ്രതിരോധം പിൻവലിക്കാൻ തയാറാണെന്ന സന്ദേശം നൽകുക എന്നതായിരുന്നു ഇമ്രാൻ ഖാന്‍റെ പ്രസ്താവനയുടെ ഉദ്ദേശമെന്നും പാകിസ്ഥാന്‍റെ ആണവ പ്രതിരോധം പിൻവലിക്കാനും മാറ്റം വരുത്താൻ കഴിയാത്തതുമാണെന്ന് പിഎംഎൽ-എൻ പാർട്ടി സെക്രട്ടറി ജനറൽ അഹ്സാൻ ഇഖ്ബാൽ പറഞ്ഞു.
ബജറ്റിനെതിരെ ഭരണപക്ഷ-പ്രതിപക്ഷ നേതാക്കൾ
പുതിയ ധനകാര്യ ബിൽ പാസാക്കിയതിന് ശേഷം രാജ്യം വിലക്കയറ്റത്തിന്‍റെ അതിഭീകര മുഖത്തെ നേരിടേണ്ടിവരുമെന്നും സർക്കാരിന്‍റെ ദിശാബോധമില്ലാത്ത നയങ്ങൾ രാജ്യത്തെ ആസൂത്രിതമല്ലാത്ത ഘട്ടത്തിലൂടെയാണ് നയിക്കുന്നതെന്നും ഇഖ്ബാൽ പറഞ്ഞു. ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ രാജ്യത്തെ മന്ത്രിമാർ വിവാദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'യുണിയൻ ഗവൺമെന്‍റ്' എന്ന അഭിസംബോധന തെറ്റല്ല: എം.കെ സ്റ്റാലിൻ
അതേസമയം, ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫിന്‍റെ ദേശീയ നേതാക്കളായ താഹിർ സാദിഖും നൂർ ആലം ഖാനും ലോഡ്ഷെഡിങിനും വിലക്കയറ്റത്തിനുമെതിരെ സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ഈ മാസ് ആദ്യം ധനമന്ത്രി ഷൗക്കത്ത് തരീൻ അവതരിപ്പിച്ച 2021-22 വർഷത്തേക്കുള്ള പാകിസ്ഥാന്‍റെ ബജറ്റിനെ വിമർശിച്ച നേതാക്കൾ ബഡ്ജറ്റിൽ പാവപ്പെട്ടവരെ പാവപ്പെട്ടവരെ പരിഗണിച്ചില്ലെന്നും വൈദ്യുതി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന നിയന്ത്രിക്കണമെന്നും പറഞ്ഞു. എന്നാൽ ബജറ്റിൽ 4.8 ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിട്ടതെന്ന് ധനമന്ത്രി പറഞ്ഞു.