ബിഷ്കെക്: കശ്മീർ ഉൾപ്പടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ലഭിച്ച വലിയ ജനപിന്തുണയും അധികാരവും ഉപയോഗിച്ച് തക്കതായ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇരു നേതാക്കളും ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകിലാണുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി ബന്ധം വളർത്തുന്നതിന് ഉച്ചകോടി സഹായകമായി എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
അയൽരാജ്യങ്ങളുമായി സൗഹൃദം പുലർത്താൻ പാകിസ്ഥാൻ സമവായ ചർച്ചകൾക്ക് തയ്യാറാണ്. ഇന്ത്യയുമായുള്ള ബന്ധം ഇപ്പോൾ ഏറ്റവും മോശമായ അവസ്ഥയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ മൂന്ന് ചെറിയ യുദ്ധങ്ങൾ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചുവെന്നും ഇപ്പോൾ ഇരു രാജ്യങ്ങളും ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രധാന പ്രശ്നം കശ്മീരാണ്. ഇരു നേതാക്കളും തമ്മിൽ സമവായ ചർച്ചകൾ നടന്നാലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ഇതുവരെ മുൻകൈ എടുത്തിട്ടില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ നരേന്ദ്ര മോദി തന്‍റെ പദവി ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി സമാധാനം തിരികെ കൊണ്ടുവരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
ഇന്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ ആയുധങ്ങൾ വാങ്ങി പണം ചിലവാക്കുന്നതിന് പകരം രാജ്യത്തെ ദാരിദ്ര്യം തുടച്ചു നീക്കാൻ കഴിയമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.