ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ചെറു വിമാനത്തിന് നേരെ ആയുധധാരികള്‍ വെടിയുതിര്‍ത്തു. ഒമ്പത് യാത്രക്കാരുമായി പപ്പുവയില്‍ വന്നിറങ്ങിയ വിമാനം ഒരു സംഘം ആളുകള്‍ ആക്രമിക്കുകയും വിമാനത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ നേരമാണ് വെടിവെപ്പ് നടന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കുകളില്ല.
വിമാനത്തില്‍ വെടിവെപ്പ് നടക്കുന്ന സമയത്ത് പൈലറ്റ്മാര്‍ അറിഞ്ഞിരുന്നില്ല. ടിമിക്കയിൽ നിന്ന് ബിയോഗ വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനമിറക്കാന്‍ കഴിഞ്ഞുവെന്നാണ് പൈലറ്റുമാര്‍ പറയുന്നത്. വിമാനം ലാന്‍ഡ് ചെയ്ത സമയത്ത് പൊലീസ് വിമാനം വളയുകയും ആയുധധാരികളായ അക്രമികളെ കീഴടക്കുകയുമായിരുന്നു. പൈലറ്റിനേയും യാത്രക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്തോനേഷ്യന്‍ സൈന്യം പുറത്ത് വിട്ട മറ്റൊരു വീഡിയോയില്‍ വിമാനത്തില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന ആളുകളെ വെടിവെച്ചുകൊല്ലാനും ശ്രമമുണ്ടായതായി വാര്‍ത്താ ഏജന്‍സി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസിന് മുമ്പുള്ള ആക്രമണം രാജ്യത്തുടനീളം ഭയമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.