സാന്‍ ഫ്രാന്‍സിസ്കോ: ഹോങ്കോങില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിനെതിരായ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തനം തടഞ്ഞതായി ഗൂഗിള്‍. രാജ്യത്തെ കുറ്റവാളികളെ ചൈനക്ക് കൈമാറുമെന്ന തീരുമാനത്തിനെതിരെയാണ് ഹോങ്കോങില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്‌ത 210 ചാനലുകള്‍ക്ക് എതിരെയാണ് ഗൂഗിളിന്‍റെ നടപടി.
ഹോങ്കോങില്‍ രാഷ്‌ട്രീയ ഭിന്നതയുണ്ടാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ പിന്തുണയുണ്ടെന്ന് ട്വിറ്ററും ഫേസ്ബുക്കും ഔദ്യോഗിമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ നടപടി. രാജ്യത്ത് നടക്കുന്ന ജനാധിപത്യപരമായ പ്രക്ഷോഭത്തെ 'ഐഎസ്' അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്ത ആയിരത്തോളം അക്കൗണ്ടുകള്‍ നിരോധിച്ചതായി ഫേസ്ബുക്ക് അറിയിച്ചു.
ഹോങ്കോങിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തിലുള്ള പോസ്‌റ്റുകള്‍ പ്രചരിപ്പിച്ച രണ്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ക്കെതിരെ ട്വിറ്ററും നടപടിയെടുത്തിരുന്നു. ഹോങ്കോങ് സ്വദേശികളായ കുറ്റവാളികളെ ചൈനയിലേക്ക് കൊണ്ടുപോയി അവിടുത്തെ നിയമം അനുസരിച്ച് ശിക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് എതിരെ വന്‍ പ്രക്ഷോഭമാണ് മാസങ്ങളായി ഹോങ്കോങില്‍ നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്ക് ചൈനയുടെ പിന്തുണയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം.