ഹൈദരാബാദ്: കൊവിഡ് 19 ഭീതി വ്യാപകമാകുന്ന സാഹചര്യത്തില്‍ ലോകത്ത് ഇതുവരെ 4,22,613 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 18891 പേരാണ് വിവിധ ഇടങ്ങളിലായി മരിച്ചത്. ചൈനയിൽ പുതിയ 47 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ഇതുവരെ 107000 പേര്‍ രോഗ വിമുക്തരായെന്നാണ് കണക്കുകൾ. പുതിയ 47 കേസുകളും കണ്ടെത്തിയത് കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ്. വീണ്ടും രോഗം സ്ഥീരികരിച്ച സാഹചര്യത്തിൽ വുഹാൻ നഗരം അടുത്ത മാസം ഏപ്രിൽ എട്ട് വരെ ലോക്‌ഡൗൺ ചെയ്യാനാണ് അധികൃതരുടെ തീരുമാനം. അതേ സമയം, രണ്ട് മാസമായി അടച്ചിട്ടിരിക്കുന്ന ഹുബെ പ്രവിശ്യ തുറക്കാൻ തീരുമാനമായി.
അയോവയിൽ ആദ്യ കൊവിഡ് മരണം സംഭവിച്ചതായി ഗവർണർ കിം റെയ്നോൾഡ്സ് സ്ഥിരീകരിച്ചു. പുതിയ 19 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ അയോവയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 124 ആയി.
അതേസമയം, ഫ്രാൻസിൽ നിലവിലുള്ള വീട്ടുതടങ്കൽ സംവിധാനം ആറ് ആഴ്ചകൾക്കൂടി തുടരണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉന്നതതല യോഗത്തിനിടെ ഫ്രാൻസ് സയന്‍റിഫിക് കൗൺസിൽ ശുപാർശ ചെയ്തു.