കാണ്ഡഹാർ: അഫ്‌ഗാനിസ്ഥാനിലെ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ മൈവാന്ദ് ജില്ലയിൽ പൊലീസ് താവളത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഞായറാഴ്‌ചയുണ്ടായ ആക്രമണത്തിൽ ചാവേർ സ്ഫോടക വസ്‌തുക്കൾ നിറച്ച കാർ പൊലീസ് താവളത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
പരിക്കേറ്റവരിൽ സൈനികരും സാധാരണക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊതുജനാരോഗ്യ വകുപ്പ് പ്രൊവിൻഷ്യൽ ഡയറക്‌ടർ മുഹമ്മദ് അഷ്‌റഫ് നാദേരി പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. താലിബാനും അഫ്‌ഗാൻ ഗവണ്‍മെന്‍റും തമ്മിൽ കഴിഞ്ഞ സെപ്‌റ്റംബറിൽ ഖത്തറിൽ സമാധാന ചർച്ചകൾ നടത്തിയതിന് പിന്നാലെ ഉണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ സമാധാന ചർച്ചകളെ വഴിതെറ്റിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം ആദ്യം, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കാബൂൾ സർവകലാശാലയിൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.