ഇസ്ലാമാബാദ്: കഴിഞ്ഞ വെള്ളിയാഴ്‌ച അപകടത്തിൽപെട്ട പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനത്തിന്‍റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോഡർ സാങ്കേതിക വിദഗ്‌ധ സംഘം കണ്ടെടുത്തു. ഫ്രാൻസ്, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്‌ധ സംഘമാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് വോയ്‌സ് റെക്കോഡർ കണ്ടെത്തിയത്. പാകിസ്ഥാന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായി കണക്കാക്കുന്ന അപകടത്തിൽ 97 പേരാണ് കൊല്ലപ്പെട്ടത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമായി ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ എയർബസ് എ-320 വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരൊഴികെ എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ 12 പ്രദേശവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്.
എയർബസ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ 11 അംഗങ്ങളുള്ള വിദഗ്‌ധ സംഘമാണ് കോക്ക്പിറ്റ് വോയ്‌സ് റെക്കോഡർ കണ്ടെടുത്തത്. ഇന്ന് അഞ്ച് മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് വിദഗ്‌ധ സംഘത്തിന് റെക്കോഡർ ലഭിച്ചത്. അന്വേഷണത്തിലെ ഒരു പ്രധാന തെളിവായ വോയ്‌സ് റെക്കോഡർ പരിശോധിച്ച് അപകട കാരണം അറിയാന്‍ സാധിക്കും. കോക്ക്‌പിറ്റിലെ സംഭാഷണങ്ങൾ, പൈലറ്റുമാരുടെ ഹെഡ്‌സെറ്റുകളുടെയും മൈക്രോഫോണുകളുടെയും ഓഡിയോ സിഗ്നലുകൾ തുടങ്ങിയവയും കോക്ക്‌പിറ്റ് വോയ്‌സ് റെക്കോഡറിൽ സംഭരിക്കുന്നു. നേരത്തെ വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കണ്ടെടുത്തിരുന്നു. മെയ് 26ന് കറാച്ചിയിലെത്തിയ അന്വേഷണ സംഘം നാളെ പാകിസ്ഥാനിൽ നിന്ന് മടങ്ങും.