കൊളംബോ: ശ്രീലങ്കയിലുണ്ടായ സഫോടന പരമ്പരയില്‍ 253 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം. മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴുണ്ടായ പിഴവാണ് മരണ സംഖ്യ തെറ്റായി കണക്കാക്കാൻ കാരണമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ 359 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മൃതദേഹങ്ങള്‍ ചിതറിയ നിലയിലായിരുന്നതിനാല്‍ ഒരാളുടെ തന്നെ മൃതദേഹം പലതായി കണക്കാക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അവസാനിച്ചത്. ഇതിന് ശേഷമാണ് കൃത്യമായ കണക്ക് ലഭിച്ചതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചാവേറാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഏഴ് പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
അതിനിടെ കൊളംബോയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള പൂക്കോടയിലും ഇന്നലെ സ്ഫോടനമുണ്ടായി. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലായിരുന്നു സ്ഫോടനം നടന്നത്. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.