ടോക്കിയോ: ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ഹോക്കെയ്‌ഡോ സർവകലാശാല പ്രൊഫസർ യുവാൻ കെക്വിന്‍റെ മോചനം ആവശ്യപ്പെട്ട് മകൻ യുവാൻ ചെങ്‌ജി. 2019ൽ അമ്മയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ചൈനയിലേക്ക് നടത്തിയ യാത്രയിൽ ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് ചൈനീസ് ദേശീയ സുരക്ഷ ഉദ്യോഗസ്ഥർ പ്രൊഫസർ യുവാൻ കെക്വിനെ അറസ്റ്റ് ചെയ്‌തത്.
തന്‍റെ പിതാവ് തെറ്റൊന്നും ചെയ്‌തിട്ടില്ല. ഇപ്പോൾ നടക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തെ അടിയന്തരമായി പുറത്തുവിടണമെന്നും യുവാൻ ചെങ്‌ജി പറഞ്ഞു. പിതാവിന്‍റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹത്തിനൊപ്പം ഈ പോരാട്ടത്തിൽ കുടുംബവും സുഹൃത്തുക്കളും ഉണ്ടാകുമെന്നും യുവാൻ ചെങ്‌ജി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് യുവാൻ കെക്വിനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്‌തത്. എന്നാൽ ചാരവൃത്തിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ചൈനീസ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. യുവാൻ കെക്വിനെ മോചിക്കണമെന്നാവശ്യപ്പെട്ട് കുടുംബവും സുഹൃത്തുക്കളും നൽകിയ അപേക്ഷ ചൈനീസ് ഭരണകൂടം തള്ളിയിരുന്നു. ദേശീയ സുരക്ഷയെ വെല്ലുവിളിക്കുന്നവർ നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സാനോ ലിജിയാൻ പറഞ്ഞിരുന്നു.
ALSO READ: ടോക്കിയോ ഗെയിംസിന് വെല്ലുവിളി കൊവിഡ് മാത്രം: ഐഒസി