മോസ്‌കോ: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്‌ഫുട്‌നിക് വി വാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയരായവരിൽ വീണ്ടും പാർശ്വഫലം. വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്‍റർ ഫോർ എപിഡമോളജിയുടെയും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മൈക്രോബയോളജി വിഭാഗത്തിന്‍റെയും ഉന്നത ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടത്.
പരീക്ഷണത്തിൽ പങ്കാളികളായവർക്ക് വാക്‌സിൻ കുത്തിവെയ്പ്പ് തങ്ങളിൽ നടന്നിട്ടുണ്ടോ എന്ന കാര്യം എല്ലാ പരിശോധനകൾക്കും അവസാനം മാത്രമേ അറിയാനാകൂവെന്ന് ഗമലേയ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷിക്കപ്പെടുന്ന 40,000 രോഗികളിൽ ചിലർക്ക് വാക്‌സിൻ നൽകുകയും എന്നാൽ ചിലർക്ക് വാക്‌സിനാണെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു മരുന്ന് (പ്ലേസിബോ) നൽകുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഇത്തരത്തിൽ ക്ലീനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയരാകുന്ന അവസാന ഗ്രൂപ്പിന് 2021 ജനുവരി കഴിഞ്ഞതിന് ശേഷമേ കുത്തിവെയ്പ്പ് നടത്തൂവെന്ന് ഗമലേയ ഡയറക്‌ടർ അലക്‌സാണ്ടർ ഗിന്‍റ്സ്ബർഗ് അറിയിച്ചു. മാത്രമല്ല, പാർശ്വഫലങ്ങൾ കണ്ടത് വാക്‌സിൻ പ്രയോഗിച്ചവരിലാണോ അതോ പ്ലേസിബോ നൽകിയവരിലാണോയെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 11ന് വൈറസിനെതിരെ വാക്‌സിൻ രജിസ്റ്റർ ചെയ്ത ലോകത്തിലെ ആദ്യ രാജ്യമായിരുന്നു റഷ്യ. നിർണായകമായ മൂന്നാം ഘട്ടം പരീക്ഷണങ്ങൾക്ക് മുൻപ് വാക്‌സിൻ അംഗീകരിച്ചതിന് പിന്നാലെ രാജ്യം നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു.