കാഠ്‌മണ്ഡു: കൊവിഡ് വാക്സിന്‍ ദൗർലഭ്യം നേരിടുന്ന നേപ്പാളിന് സഹായവുമായി യുഎസ്. തിങ്കളാഴ്ച ഒന്നര ദശലക്ഷത്തിലധികം വാക്സിനാണ് ഗ്രാന്‍റ് അടിസ്ഥാനത്തിൽ യുഎസ് നേപ്പാളിന് നൽകിയത്. കൊവാക്സ് സംവിധാനം വഴിയാണ് മരുന്ന് എത്തിച്ചത്. നേരത്തെ പ്രസിഡന്‍റ് ബിദ്യ ഭണ്ഡാരി കൊവിഡ് വാക്സിനുകൾ നൽകി നേപ്പാളിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ജോ ബൈഡന് കത്തയച്ചിരുന്നു.
വൈറസിനെതിരെ ജോൺസൺ ആന്‍റ് ജോൺസന്‍റെ ഒരു ഡോസ് മതിയാകുമെന്നാണ് വിദഗ്ധാഭിപ്രായം. 1.5 ദശലക്ഷം ഡോസ് വാക്സിനുകൾ ദുർബലരായ ജനങ്ങൾക്കും 50നും 54 വയസ്സിനിടയിലുള്ളവർക്കും നൽകും. നേപ്പാളിലെ രോഗപ്രതിരോധ സംവിധാനത്തിന് ഒരു ദിവസം 600,000 പേർക്ക് കുത്തിവെയ്‌പ് നൽകാൻ കഴിയുമെന്ന് മുന്‍ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി പറഞ്ഞു.
Also read: കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടന്‍
ഇതുവരെ നേപ്പാളിന് ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് വാക്സിന്‍ സഹായം ലഭിച്ചിരുന്നു. ലഭിച്ച മൊത്തം വാക്സിനുകളിൽ ഒരു ദശലക്ഷം ഡോസുകൾ ഇന്ത്യയിൽ നിന്ന് വാണിജ്യപരമായി സംഭരിച്ചവയാണ്. രാജ്യത്ത് വാക്സിനേഷന്‍ ഡ്രൈവ് ജനുവരി മുതൽ ആരംഭിച്ചെങ്കിലും കൊവിഡ് രണ്ടാം തരംഗം കൂടുതൽ വാക്സിനുകൾ കയറ്റുമതി ചെയ്യാന്‍ ഭരണകൂടത്തെ നിർബന്ധിതരാക്കി.