കൊളംബോ: കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. യുകെ, യുഎഇ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നി രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ശ്രീലങ്കയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്കയില്‍ ഇറങ്ങാനാകില്ലെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിര്‍ദേശം പ്രസിഡന്‍റ് ഗോതബായ രാജപക്സെ നല്‍കിയിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി പ്രസന്ന രണതുംഗ അറിയിച്ചു.
Read more: ഇന്ത്യയിൽ നിന്നുള്ളവരുടെ വിലക്കിനെ ന്യായീകരിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ശ്രീലങ്കയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ പകുതി വരെ ദിവസേനെ ശരാശരി 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2000 പുതിയ കേസുകളാണ് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെ വകഭേദത്തില്‍ നിന്നാണ് ശ്രീലങ്കയില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പശ്ചിമേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് പതിനാല് ദിവസം ക്വാറന്‍റൈനില്‍ ഇരിക്കുന്നതിനുള്ള സൗകര്യം ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ശ്രീലങ്ക ഒരുക്കിയിരുന്നു. അതേ സമയം, കൊവിഡ് ബാധിതരായ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ വടക്ക്, വടക്ക്-കിഴക്ക് സമുദ്ര ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
Read more:ഇന്ത്യൻ വിമാനങ്ങളെ വിലക്കി കാനഡയും
അതേസമയം, ഇന്ത്യയില്‍ പ്രതിദിന കൊവിഡ് നിരക്കും മരണ നിരക്കും കുത്തനെ ഉയരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,980 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തോടെ ഇന്ത്യയില്‍ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 2,30,168 ആയി.