ക്വാലാലംപൂർ: പാകിസ്ഥാനിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി മലേഷ്യ. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ശനിയാഴ്ച മുതൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെ മലേഷ്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുതിർന്ന മലേഷ്യ മന്ത്രി ഇസ്മായിൽ യാക്കൂബ് പറഞ്ഞു. ദീർഘകാല സാമൂഹിക സന്ദർശന പാസുകൾ, ബിസിനസ് യാത്രക്കാർ, നയതന്ത്ര പാസ്‌പോർട്ടുകൾ ഉള്ളവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക് :സേവ്യര്‍ ബെക്രയുമായി ചർച്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ
യാത്രാ വിലക്ക് പ്രഖ്യാപിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് സർവീസ് നിർത്തി. അതേസമയം പാക്കിസ്ഥാനിൽ കൊവിഡ് വൈറസിന്‍റെ മൂന്നാം തരംഗത്തിൽ നിരവധി പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ച് 140 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 18,677 ആയി. 4,298 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 850,131 ആയി. അതേസമയം മലേഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏപ്രിലിൽ മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിന് ഇന്ത്യൻ പൗരമാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.