ബീജിങ്: കൊവിഡ് -19 പ്രതിരോധത്തിനായി ചൈന ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം യുഎസ് ഡോളർ അധിക ഗ്രാന്‍റ് പ്രഖ്യാപിച്ചു. ആഗോള ആരോഗ്യ ഏജൻസിക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ നീക്കം. ലോകാരോഗ്യ സംഘടനയ്ക്ക് മുമ്പ് ചൈന നൽകിയ 20 ദശലക്ഷം യുഎസ് ഡോളറിന് പുറമേയാണ് ഗ്രാന്‍റെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ കൊവിഡ് പൊട്ടിപുറപ്പെട്ടതു മുതൽ ജനുവരി 23ന് ബീജിങ് നഗരം അടയ്ക്കുന്നതുവരെ കൊവിഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതിൽ ചൈനയും ലോകാരോഗ്യ സംഘടനയും കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു.