ന്യൂയോര്‍ക്: കൊവിഡ് 19 മൂലം ഉണ്ടായ സാമൂഹിക സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ ദശലക്ഷം വരുന്ന കുട്ടികളെ ബാധിച്ചതായി യുഎന്‍ റിപ്പോര്‍ട്ട്. ഈ മഹാമാരി കുട്ടികളുടെ അവകാശ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും എല്ലാ രാജ്യങ്ങളിലേയും എല്ലാ പ്രായത്തിലുള്ള കുട്ടികളെയും കൊവിഡ് ബാധിച്ചെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തിന്‍റെ വിവിധ ചേരി പ്രദേശങ്ങള്‍, അഭയാര്‍ഥി ക്യാമ്പുകള്‍, സംഘര്‍ഷ ഭൂമി എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ഈ പ്രശ്‌നങ്ങള്‍ ഏറ്റവുമധികം ബാധിക്കുകയെന്നും യുഎന്‍ പറഞ്ഞു. ലോകരാഷ്ട്ര നേതാക്കളെല്ലാം പ്രതിസന്ധി നേരിടുന്ന കുട്ടികളെ സംരക്ഷിക്കാന്‍ രംഗത്തുവരണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല കുടുംബങ്ങളുടെയും വേതനം തടസപ്പെട്ടു. ഭക്ഷണ-ആരോഗ്യ കാര്യങ്ങളില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ കുട്ടികളെ അത് വലിയ തോതില്‍ ബാധിച്ചു. ഈ സാഹചര്യത്തില്‍ 2020ല്‍ കുട്ടികളുടെ മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ശിശുമരണ നിരക്കിനെയും ഇത് ബാധിച്ചേക്കാം.
വിവിധ സര്‍ക്കാരുകളും നേതാക്കന്മാരും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഏറ്റവും ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ചെയ്യണം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 188 രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. 143 രാജ്യങ്ങളിലായി 369 കുട്ടികളാണ് സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ച് കഴിയുന്നത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. എന്നാല്‍ ഇന്‍റര്‍നെറ്റ് പോലുള്ള സംവിധാനം ഇല്ലാത്ത കുട്ടുകള്‍ എന്ത് ചെയ്യുമെന്നതില്‍ പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.