ഓസ്ട്രേലിയന്‍ വംശജനായ 28-കാരനായ ബ്രന്‍റന്‍ ടാറന്‍റാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിലെ പ്രതി. ഓക്ലൻഡിലെ പരെമൊറെമോ ജയിലിൽ കഴിയുന്ന ബ്രന്‍റനെ വീഡിയോ കോൺഫറന്‍സ് വഴിയാണ് ക്രൈസ്റ്റ് ചർച്ച് ഹൈക്കോടതിയിലെ ജഡ്ജി കാമറോൺ മാന്‍ഡറിന് മുന്നിലെത്തിച്ചത്. തുടർന്ന് ജൂൺ 14ന് വാദം തുടരുന്നതിന് മുമ്പ് ബ്രന്‍റനെ മാനസിക പരിശോധനകൾക്ക് വിധേയനാക്കണമെന്ന് കോടതി ഉത്തരവിട്ടു. വിചാരണ സമയത്ത് തികച്ചും താൽപര്യമില്ലാതെയിരുന്ന ബ്രന്‍റന്‍, മാനസിക ആരോഗ്യനില പരിശോധിക്കേണ്ട ആവശ്യകതയെപ്പറ്റി ചർച്ച ചെയ്യുന്ന ഘട്ടത്തിൽ തികച്ചും ജാഗരൂകനായിരുന്നു. ബ്രന്‍റന്‍റെ രണ്ടാമത്തെ വിചാരണയാണ് ഇന്ന് നടന്നത്. ആദ്യ വിചാരണ സമയത്ത് വർണ്ണ വിവേചനക്കാരുടെ ആംഗ്യം കാണിച്ച ബ്രന്‍റനെ ഹർജി കേൾക്കാതെ തന്നെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ബ്രന്‍റനെതിരെ ന്യൂസിലാന്‍ഡ് പൊലീസ് ചുമത്തിയത് 50 കൊലപാതക കുറ്റങ്ങളും 39 കൊലപാതക ശ്രമങ്ങളുമാണ്. കുറ്റം തെളിഞ്ഞാൽ ബ്രന്‍റന് പരോളില്ലാതെ ജിവപര്യന്തം ശിക്ഷയാകും ലഭിക്കുക. കഴിഞ്ഞ മാർച്ച് 15-ന് ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ ആരാധന നടക്കുന്ന സമയത്ത് ബ്രന്‍റന്‍ വെടിയുതിർത്തപ്പോൾ പൊലിഞ്ഞത് 50 പേരുടെ ജീവനാണ്. അൽ നൂർ പള്ളിയിലും ലിൻവുഡിലെ പള്ളിയിലുമാണ് ആക്രമണം നടത്തിയത്.
മരണപ്പെട്ട 50 പേരിൽ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്. ഇതിൽ ഒരാൾ മലയാളിയായ തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയായിരുന്നു. ന്യൂസിലന്‍ഡിലെ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥിനിയായിരുന്നു അൻസി.
ഭീകരാക്രമണം ന്യൂസിലാന്‍ഡിനെ ഒന്നാകെ നടുക്കത്തിലാക്കിയിരുന്നു. സംഭവത്തിന് ശേഷം തോക്ക് കൈവശം വയ്ക്കുന്നതിന് ന്യൂസിലാന്‍ഡ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
ഭീകരാക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡർ അൺനൂർ പള്ളിക്കടുത്തുള്ള ഹേഗ്ളി പാർക്കിൽ പ്രാർഥനയ്ക്കായി ഹിജാബ് ധരിച്ചെത്തിയിരുന്നു. സംഭവം ന്യൂസിലാന്‍ഡ് ചരിത്രത്തിന്‍റെ കറുത്ത ദിനമാണെന്ന് അവർ പ്രതികരിച്ചിരുന്നു.
ആക്രമണത്തിന്‍റെ തൽസമയ ദൃശ്യങ്ങൾ ബ്രന്‍റന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ അവ പിന്നീട് നീക്കം ചെയ്തു.