ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിതയായ യുവതി ആരോഗ്യവതിയായ കുഞ്ഞിന് ജന്മം നൽകി. വടക്കു പടിഞ്ഞാറൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗർഭാവസ്ഥയുടെ 37-ാം ആഴ്ചയിലാണ് യുവതി സിസേറിയൻ വഴി 2,730 ഗ്രാം ഭാരം വരുന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്.
കൊറോണ സാന്നിധ്യം പരിശോധിക്കുന്നതിനായി പ്രസവിച്ച ഉടനെ കുഞ്ഞിന്‍റെ ആദ്യത്തെ ന്യൂക്ലിക് ആസിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലമാണ് നെഗറ്റീവായത്. വൈറസിന്‍റെ അഭാവം സ്ഥിരീകരിക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ വീണ്ടും പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വിശദമായ പരിചരണത്തിനും ചികിത്സയ്ക്കുമായി അമ്മയെ പനി വാർഡിലേക്കും കുഞ്ഞിനെ ഐസോലേഷൻ വാർഡിലേക്കും മാറ്റി. ഫെബ്രുവരി ഏഴിനാണ് യുവതിയെ ഷാങ്‌ലൂ നഗരത്തിലെ സെൻട്രൽ ആശുപത്രിയിൽ നിന്നും വിദഗ്ധ പരിശോധനയ്ക്കായി ഷാങ്സിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘം അമ്മയുടെയും കുഞ്ഞിന്‍റെയും സുരക്ഷ ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,016 ആയി. തിങ്കളാഴ്ച മാത്രം മരിച്ചത് 103 പേരാണ്. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.