ബീജിംഗ്: യാത്രക്കാരിയെ വിമാനത്തിന്‍റെ കോക്‌പിറ്റില്‍ കയറാൻ അനുവദിച്ചതിന് പൈലറ്റിന് ആജാവനാന്ത വിലക്കേർപ്പെടുത്തി. ചൈനീസ് എയർ ലൈൻസായ എയർ ഗ്വിലിനാണ് പൈലറ്റിനെതിരെ നടപടി സ്വീകരിച്ചത്. അനധികൃത വ്യക്തിയെ കോക്‌പിറ്റില്‍ കയറാൻ അനുവദിച്ചതിന് വിമാനത്തിന്‍റെ പൈലറ്റ്, സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയുടെ (സിഎസി) ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എയർ ലൈൻസ് നടപടി.
വിമാനം പറക്കവെ കോക്‌പിറ്റില്‍ കയറിയ യുവതി ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. "ക്യാപ്റ്റന് നന്ദി. വളരെ സന്തോഷം" എന്ന ഫോട്ടോ അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചത്. സംഭവ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു. അനിശ്ചിത കാലത്തേക്ക് ഇവരേയും ജോലിയിൽ നിന്നും താത്ക്കാലികമായി മാറ്റി നിർത്തിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി നാലിന് ഗ്വിലിൻസിറ്റിയിൽ നിന്ന് യാങ്‌ഷൗലേക്ക് യാത്ര ചെയ്ത ജിടി 1011എന്ന വിമാനത്തിലാണ് സംഭവം നടന്നത്.