ബെയ്‌ജിങ്: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് ബഹിരാകാശ യാത്രികരെക്കൂടി അയച്ച് ചൈന. മൂന്ന് മാസത്തെ ദൗത്യത്തിനായാണ് പുതിയ മൂന്നംഗ സംഘത്തെ അയച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്‍റ പ്രധാന മൊഡ്യൂളായ ടിയാൻഹെയിലേക്കാണ് സംഘത്തെ അയച്ചിരിക്കുന്നത്. ഇവിടെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ നിലയത്തിന്‍റെ നിര്‍മാണവും പരിശോധനയുമാണ് സംഘത്തിന്‍റെ ലക്ഷ്യം.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച് -2 എഫ് കാരിയർ റോക്കറ്റിന്‍റെ സഹായത്തോടെയാണ് ഷെൻഷോ -12 ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള ചൈനയുടെ ഏഴാമത്തെ ബഹിരാകാശ ദൗത്യമാണിത്. ബഹിരാകാശ നിലയത്തിന്‍റെ നിര്‍മാണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ദൗത്യവുമാണിത്. 2016 ലാണ് ചൈന അവസാനമായി മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള ബഹിരാകാശയാത്ര നടത്തിയത്. കമാൻഡർ നീ ഹൈഷെംഗ് (56), ലിയു ബോമിങ് (54), ടാങ് ഹോങ്‌ബോ (45) എന്നിവരാണ് ഇത്തവണത്തെ ദൗത്യത്തിലെ യാത്രികള്‍.
also read: ചൊവ്വയിൽ നിന്നുള്ള സെൽഫിയും ചിത്രങ്ങളും പുറത്തുവിട്ട് ചൈനയുടെ ഷുറോങ് റോവർ
ഭ്രമണപഥത്തിലെ നാല് പ്രധാന ജോലികളാണ് ഷെൻഷോ -12ലെ അംഗങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. ടിയാൻഹെ മൊഡ്യൂളിന്‍റെ ഇൻ-ഓർബിറ്റ് ടെസ്റ്റ്, റീസൈക്ലിംഗ്, ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ പരിശോധന, റോബോട്ടിന്‍റെ പരിശോധനയും പ്രവർത്തന പരിശീലനവും, ഒപ്പം ഉപകരണങ്ങളുടെ ശുചീകരണം, മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന ചുമതലും ഇവർക്കാണ്.
എക്‌സ്‌ട്രാവെഹിക്കുലർ ടൂൾബോക്സ് കൂട്ടിച്ചേർക്കുക, പനോരമിക് ക്യാമറ ഉയർത്തുക, പമ്പ് സെറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക എന്നിവയുൾപ്പെടെയുള്ള ചുമതലകളും പുതിയ സംഘത്തിനുണ്ട്.