ബെയ്‌ജിങ്: വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 മഹാമാരിയെ ഏകദേശം മൂന്ന് മാസത്തോളം സമയമെടുത്താണ് ചൈന പിടിച്ചുകെട്ടിയത്. എന്നാൽ തിങ്കളാഴ്‌ചയോടെ 39 പുതിയ കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തിനകത്ത് സമൂഹ വ്യാപനം വഴി വൈറസ് പടരുന്നത് തടയാൻ ചൈനക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ കടൽ കടന്നും അതിർത്തി കടന്നും എത്തിയവരാണ് പുതിയതായി രോഗം സ്ഥിരീകരിച്ച 39 പേരും.
ചൈനയുടെ തലസ്ഥാന നഗരമായ ബെയ്‌ജിങ്ങിലേക്ക് കടക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്‌ചയോടെ ബെയ്‌ജിങ്ങിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന 12 വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടാൻ തീരുമാനമായി. ബെയ്‌ജിങ്ങിലേക്ക് എത്തണമെങ്കില്‍ കൊവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കൂടാതെ സ്വന്തം ചെലവിൽ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുണ്ട്. ഈ കടമ്പ കടക്കുന്നവർക്ക് മാത്രമാണ് ബെയ്‌ജിങ്ങിലേക്ക് സഞ്ചരിക്കാനാകുക.