ബെയ്‌ജിങ്: ചൈനയില്‍ 24 മണിക്കൂറിനുള്ളിൽ ആറ് പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ രാജ്യത്തിന് പുറത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു.
കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെ പ്രവിശ്യയിൽ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ചൈനയില്‍ ആകെ 82,804 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 77,257 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 57 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. 4,632 മരണമാണ് ചൈനയില്‍ ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്‍തത്.
ഹോങ്കോങ്ങിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,035 ആയി. 699 പേർക്ക് രോഗം ഭേദമാവുകയും നാല് പേര്‍ മരിക്കുകയും ചെയ്‌തു. മക്കാവോയിൽ നാൽപത്തിയഞ്ച് പേർക്കാണ് കൊവിഡ് ബാധിച്ചത്. അതില്‍ 27 പേരും രോഗമുക്തരായി. ആറ് മരണം മാത്രം സംഭവിച്ച തായ്‌വാനില്‍ 427 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 253 പേര്‍ സുഖം പ്രാപിച്ചു.
മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്.ലോകമെമ്പാടുമുള്ള 2.7 ദശലക്ഷം ആളുകൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ലോകത്ത് 1,90000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.