ബീജിങ്: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി ചൈനയും മ്യാന്‍മറും നിരവധി കരാറുകളില്‍ ഒപ്പുവച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ മ്യാന്‍മറിനോടുള്ള ബന്ധം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കം. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്, മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകി എന്നിവരുടെ സാന്നിധ്യത്തില്‍ 33 കരാറുകളില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 19 വർഷത്തിനിടെ മ്യാൻമർ സന്ദർശിക്കുന്ന ആദ്യത്തെ ചൈനീസ് നേതാവാണ് ഷീ ജിന്‍പിങ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലൂടെ മറ്റ് പുതിയ പദ്ധതികള്‍ക്കൊന്നും രൂപം കൊടുത്തില്ല.
സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനാണ് ഇരു രാജ്യങ്ങളുടേയും ശ്രമം. ചൈനീസ് നിക്ഷേപത്തെക്കുറിച്ച് മുന്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് ധാരണ. ഈ വര്‍ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നതെന്നാണ് പൊതുധാരണ. വരും മാസങ്ങളില്‍ ഈ പദ്ധതിയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഒരു രൂപരേഖ തയ്യാറാക്കിയതായാണ് ഇരു രാജ്യങ്ങളുടേയും നേതാക്കന്‍മാര്‍ പറയുന്നത്. ശനിയാഴ്‌ചയാണ് ഷീ ജിന്‍ പിങിന്‍റെ സന്ദര്‍ശനം പൂര്‍ത്തിയാകുക.