ബീജിങ്: ലോകത്ത് തന്നെ ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിച്ചത് താനാണെന്ന അവകാശ വാദവുമായി എത്തിയ ചൈനീസ് ശാസ്ത്രജ്ഞന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ലൈസന്‍സില്ലാതെ വൈദ്യശാസ്ത്രത്തില്‍ ഇത്തരം ഗവേഷണങ്ങള്‍ നടത്തിയതിന് മൂന്ന് ദശലക്ഷം യുവാന്‍ പിഴയും ചുമത്തി.
ജിയാന്‍കുയി എന്ന ശാസ്ത്രജ്ഞനാണ് ജനിതകമാറ്റം വരുത്തി കുഞ്ഞുങ്ങളെ സൃഷ്ടിച്ചെന്ന് അവകാശപ്പെട്ടത്. ഗവേണഷത്തില്‍ പങ്കാളികളായ മറ്റ് രണ്ട് ഗവേഷകര്‍ക്കും കോടതി പിഴയോടുകൂടിയ ശിക്ഷ വിധിച്ചു. മൂന്ന് പേരും ഡോക്ടര്‍ യോഗ്യത ലഭിക്കാത്തവരാണ്. ചൈനയില്‍ ഗവേഷണം നടത്തുന്നതിനുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചു, ശാസ്ത്ര ഗവേഷണത്തിലും വൈദിക ശാസ്ത്രത്തിലുമുള്ള നൈതിക മറികടന്നു, പ്രശസ്തിയും പണവും ഉണ്ടാക്കി തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കേസുകള്‍.
രണ്ട് സ്ത്രീകളിലായി പരീക്ഷണം നടത്തുകയും മൂന്ന് ജീനുകള്‍ ജനിതകമാറ്റത്തിന് വിധേയമാക്കുകയും ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷണം നടത്തുന്നതിനായി ഇവരുടെ പക്കലുണ്ടായിരുന്ന രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി. 2018 നവംബറിലായിരുന്നു ഈ ശാസ്ത്രജ്ഞന്‍റെ പ്രഖ്യാപനം. ഇരട്ടക്കുട്ടികളുടെ ജീനുകളില്‍ മാറ്റം വരുത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ശാസ്ത്രലോകം ഞെട്ടുക തന്നെ ചെയ്തു. എയ്‌ഡ്‌സുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഇയാള്‍ നടത്തിയതായി അന്ന് അവകാശ വാദം ഉന്നയിച്ചിരുന്നു. ഈ പരീക്ഷണം വിജയിച്ചോ എന്ന് വ്യക്തമല്ല. ആരിലാണ് പരീക്ഷണം നടത്തിയത് എന്നും അന്ന് വ്യക്തമാക്കിയിരുന്നില്ല. എയ്‌ഡ്‌സ് വൈറസിനെ കോശത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന ഒരു ജീനിനെ നിര്‍വീര്യമാക്കിയെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ അവകാശ വാദം. CRISPR എന്ന ടൂള്‍ ഉപയോഗിച്ച് ഈ പരീക്ഷണം നടത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു. ഈ പരീക്ഷണം അധാര്‍മികവും വൈദ്യശാസ്ത്രത്തിന് ആവശ്യമില്ലാത്തതുമാണെന്നായിരുന്നു മറ്റ് ശാസ്ത്രജ്ഞരുടെ വാദം. മനുഷ്യരില്‍ ജനിത മാറ്റം നടത്തുന്നുവെന്ന അവകാശവാദം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.