ബീജിങ്: റഷ്യയുമായുള്ള ആണവായുധ ചർച്ചയിൽ ചൈനയെ പങ്കെടുപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നത് പുതിയ കരാറുകൾ ഒഴിവാക്കാനുള്ള അമേരിക്കയുടെ തന്ത്രമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ ഫു. 2010 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്ന ന്യൂ സ്റ്റാർട്ട് എന്ന ആയുധ നിയന്ത്രണ ഉടമ്പടി വിപുലീകരിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് വിയന്നയിൽ റഷ്യയുമായി നടത്തിയ ചർച്ചയിൽ ചൈന പങ്കെടുത്തിരുന്നില്ല. ലോകത്തെ പ്രധാന ആണവ ശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുള്ളതാണ് ഈ കരാർ. വർധിച്ചുവരുന്ന സൈനികശക്തിയെന്ന നിലയിൽ ചൈനയും ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ചൈന ഈ ആവശ്യത്തെ യാഥാർഥ്യത്തിന് നിരക്കാത്തത് എന്നാണ് വിശേഷിപ്പിച്ചത്. ചൈനയ്ക്ക് മറ്റ് രണ്ട് രാജ്യത്തെക്കാൾ വളരെ ചെറിയ ആണവായുധ ശേഖരമാണുള്ളതെന്നും ഫു വ്യക്തമാക്കി. ഉടമ്പടിയിൽ ചേരാൻ ചൈനയെ ക്ഷണിക്കുന്നതിലൂടെ, ഉടമ്പടി മാറ്റിസ്ഥാപിക്കാതെ ചർച്ചകളിൽ നിന്ന് മാറിനിൽക്കാനുള്ള യുഎസിന്‍റെ തന്ത്രമാണ്. ആദ്യം സ്വന്തം ആയുധശേഖരം കുറയ്ക്കാൻ യുഎസും റഷ്യയും തയ്യാറാകട്ടെയെന്നും പിന്നീട് ചൈനയും മറ്റുള്ള രാജ്യങ്ങളും ഈ ശ്രമങ്ങളിൽ പങ്കാളികളാകാമെന്നും ഫു പറഞ്ഞു. അതേസമയം, മൂന്ന് രാജ്യങ്ങൾക്കുമിടയിൽ തുല്യത ഉറപ്പാക്കാൻ യുഎസിന് കഴിയുമെങ്കിൽ കരാറിൽ ചേരാൻ തയ്യാറാണെന്നും ഫു അറിയിച്ചു. ചൈനയെ ഏതെങ്കിലും പുതിയ കരാർ മുഖേന നിയന്ത്രണങ്ങൾക്ക് വിധേയമാക്കണമെന്ന് വിയന്നയിൽ നടന്ന ചർച്ചകൾക്ക് ശേഷം യുഎസ് കരാറുകാരൻ മാർഷൽ ബില്ലിംഗ്സ്ലിയ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.