ബെയ്‌ജിങ് : ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്ത് മതപരമായ ഉള്ളടക്കം ഓൺലൈൻ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് വിദേശ സംഘടനകളെയും വ്യക്തികളെയും വിലക്കി ചൈന. രാജ്യത്ത് മതപരമമായ കാര്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കാൻ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഇല്ലാത്ത ഒരു സംഘടനയെയും വ്യക്തിയെയും അനുവദിക്കില്ലെന്നതാണ് പുതിയ നിയന്ത്രണം.
ഓൺലൈൻ വഴിയുള്ള മതപരമായ പ്രചാരണങ്ങളുടെ നിയന്ത്രണം കർശനമാക്കുന്ന തരത്തിലുള്ള നീക്കം ചൈനയിൽ ഇതാദ്യമാണ് നടപ്പിലാക്കുന്നത്. പുതിയ ചട്ടങ്ങൾ പ്രകാരം മൂന്ന് വർഷത്തേക്കുള്ള ലൈസൻസിനായി പ്രാദേശിക സർക്കാരിന്‍റെ മതകാര്യ വകുപ്പിൽ അപേക്ഷ നൽകണം.
എന്നാൽ മതപരമായ ഉള്ളടക്കം ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കാൻ ചൈനയിൽ അധിഷ്ഠിതമായ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ മാത്രമേ സാധിക്കുകയുള്ളൂ. സ്ഥാപനങ്ങളാണെങ്കിൽ അതിന്‍റെ പ്രധാന പ്രതിനിധി ചൈനക്കാരനായിരിക്കണം എന്നും നിയമമുണ്ട്.
പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ഇന്‍റർനെറ്റ് മുഖേന മതം ഉപയോഗിച്ച് ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ചൈനക്കാരെ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തുന്നതിൽ നിന്ന് അവരെ തടയാനും സാധിക്കുമെന്നും നിയന്ത്രണ ഉത്തരവില്‍ പറയുന്നു.
ALSO READ: ടെസ്‌ലയില്‍ ഡ്രൈവിങ്ങിലും സെന്‍റര്‍ ടച്ച് സ്‌ക്രീനിൽ ഗെയിം പ്ലേ ; അന്വേഷണം ആരംഭിച്ച് അമേരിക്ക
ലൈസൻസുള്ള മതസംഘടനകൾ, മതപാഠശാലകൾ, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവയൊഴികെ സംഘടനകളോ വ്യക്തികളോ ഇന്‍റർനെറ്റ് മുഖേന മതം പ്രചരിപ്പിക്കരുതെന്നും മതപഠനവും പരിശീലനവും നടത്തരുതെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ബുദ്ധനെ ആരാധിക്കുക, ധൂപം കാട്ടുക, മന്ത്രോച്ചാരണങ്ങൾ, കുർബാന, മാമോദീസ തുടങ്ങിയ മതപരമായ ചടങ്ങുകൾ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതും റെക്കോഡ് ചെയ്യുന്നതും നിരോധിക്കും. കൂടാതെ മതത്തിന്‍റെ പേരിൽ ഒരു സംഘടനയെയോ വ്യക്തിയെയോ ധനസമാഹരണത്തിന് അനുവദിക്കില്ലെന്നും നിയമത്തിൽ പറയുന്നു.
മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, പ്രത്യേകിച്ച് സിൻജിയാങ്ങിലെ ഉയ്‌ഗൂർ മുസ്ലിങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈന നിലവിൽ യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുമായി വർഷങ്ങളായി സംഘർഷത്തിലാണ്.