കാഠ്‌മണ്ഡു: ചൈന കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്ത്. ചൈന കടന്നു കയറിയ ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസ് പ്രമേയം പാസാക്കി. ചൈനയുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് ഭൂമി തിരിച്ചു പിടിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഡോലഖ, ഹുംല, സിന്ധുപാൽചൗക്ക്, ഗോർഖ, റാസുവ തുടങ്ങിയ വിവിധ ജില്ലകളിലെ 64 ഹെക്‌ടറിലധികം സ്ഥലം ചൈന പിടിച്ചെടുത്തെന്നാണ് പ്രതിപക്ഷം സെക്രട്ടറി പ്രതിനിധി സഭക്ക് അയച്ച കത്തില്‍ പറയുന്നത്. ഗോർഖ ജില്ലയുടെ വടക്ക് ഭാഗത്തുള്ള ഒരു ഗ്രാമവും 72 കുടുംബങ്ങളും ഇപ്പോൾ ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശത്തിന് കീഴിലാണ്. അതുപോലെ ഡർച്ചുല ജില്ലയിലെ ജിയുജിയുവിലുള്ള 18 വീടുകളും ചൈനയുടെ അധീനതയിലാണ്. നേപ്പാൾ ഭൂമിയിൽ കടന്നു കയറിയാണ് ചൈന ടിബറ്റിൽ റോഡ് നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഗോര്‍ഖ ജില്ലയിലെ റുയി ഗ്രാമമാണ് ഒടുവിലായി ചൈന കയ്യേറിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന നടത്തിയ ആസൂത്രിത നീക്കമായിരുന്നു ഇത്.
നേപ്പാളിലുടനീളം 11 സ്ഥലങ്ങളിൽ ചൈന തന്ത്രപ്രധാനമായ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ അതിർത്തിയിലുള്ള നേപ്പാളിലെ നാല് ജില്ലകളിലെ 36 ഹെക്ടർ ഭൂമി അനധികൃതമായി ചൈന കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നേപ്പാൾ സർക്കാർ ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.