കാബൂള്‍: അഫ്‌ഗാൻ തലസ്ഥാന നഗരം താലിബാൻ പിടിച്ചതോടെ പലായനത്തിനായി വിമാനത്താവളത്തിലേക്ക് ജനങ്ങളുടെ തള്ളിക്കയറ്റം. കാബൂൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ യുഎസ് സൈന്യത്തിന് ആകാശത്തേക്ക് വെടിവെയ്ക്കേണ്ടി വന്നതായി ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.
"ആൾക്കൂട്ടം നിയന്ത്രണാതീതമാണ്. കലാപം ഓഴിവാക്കാന്‍ മാത്രമാണ് വെടിവയ്പ്പ് നടത്തിയത്" ഒരു ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യത്തിന് നിന്നും രക്ഷപ്പെടാന്‍ വിമാനങ്ങളിലേക്ക് ഇരച്ചുകയറുന്ന ജനങ്ങളുടെ നിരാശാജനകമായ നിരവധി ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ട്. അതേസമയം വിമാനത്താവളത്തിന്‍റെ ചുമതല വഹിക്കുന്ന യുഎസ് സൈന്യം അമേരിക്കൻ എംബസി ജീവനക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
also read: 20 വർഷം മുൻപ് അമേരിക്കയെ വിറപ്പിച്ച താലിബാൻ, പിന്നീട് പുറത്താക്കല്‍, ഒടുവില്‍ അധികാരം
തങ്ങളുടെ എല്ലാ എംബസി ജീവനക്കാരെയും വിമാനത്താവളത്തിലേക്ക് മാറ്റിയതായി നേരത്തെ തന്നെ യുഎസ് വ്യക്തമാക്കിയിരുന്നു. അതിനിടെ രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ആയിരക്കണക്കിന് അഫ്‌ഗാൻ പൗരന്മരാണ് കാബൂള്‍ വിമാനത്താവളത്തിലെത്തുന്നത്. യുഎസ് സൈന്യത്തിന്‍റെ നടപടി ഭയപ്പടുത്തുന്നതായി ഒരു സാക്ഷി ന്യൂസ് വയറിനോട് പറഞ്ഞു.