ബെയ്‌ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ വുഹാനില്‍ താല്‍ക്കാലിക ആരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ആരംഭിച്ച ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയടക്കമുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
7,000 ഓളം വരുന്ന തൊഴിലാളികള്‍ പത്ത് ദിവസം കൊണ്ടാണ് താല്‍ക്കാലിക കേന്ദ്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 60,000 ചതുരശ്ര അടി വരുന്ന കെട്ടിടത്തിന്‍റെ രണ്ട് നിലകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാണ്. 30 തീവ്രപരിചരണ യൂണിറ്റുകളും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഭരണപക്ഷ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മിലിറ്ററി വിങായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 1,400 ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും ജീവനക്കാരെയും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
രോഗികളുടെ വിവരങ്ങളോ ആരോഗ്യാവസ്ഥയോ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വൈറസ് ബാധ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് വുഹാനിലേക്കുള്ള റെയില്‍,റോഡ്, വിമാന ഗതാഗതങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. 50 മില്ല്യണ്‍ ആളുകള്‍ നിരീക്ഷണത്തിലാണ്. 17,000 ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നൂറിലധികം ആളുകള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.