ധാക്ക: കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ സ്‌പുട്‌നിക്-വി വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് ബംഗ്ലാദേശ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (ഡിജിഡിഎ) അനുമതി നൽകി. രാജ്യത്ത് ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്.
കയറ്റുമതി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ രാജ്യത്ത് നൽകുന്നത് തിങ്കളാഴ്‌ച മുതൽ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌പുട്‌നിക്-വി അടിയന്തര ഉപയോഗത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
റഷ്യൻ വാക്‌സിന്‍റെ ഇറക്കുമതി, ഉൽപാദനം, ഉപയോഗം മുതലായവയ്‌ക്ക് രാജ്യത്ത് അനുമതി ലഭിച്ചതായി ഡിജിഎഡിഎ ഡയറക്‌ടർ ജനറൽ മേജർ ജനറൽ എംഡി മഹ്ബൂബുർ റഹ്മാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി വാക്‌സിനേഷൻ തുടരുന്നതിന് രാജ്യത്ത് കൂടുതൽ വാക്‌സിൻ ഡോസുകൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ മെയ് മാസത്തിൽ ഏകദേശം നാല് ദശലക്ഷം വാക്‌സിൻ ഡോസുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ നിർമ്മിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ബംഗ്ലാദേശിലെ ചുരുക്കം ചില ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് മാത്രമേ ഉള്ളൂവെന്നും ഇത് റഷ്യൻ പ്രതിനിധികൾ വിലയിരുത്തും. നിലവിൽ സ്‌പുട്‌നിക്-വി വാക്‌സിന് അംഗീകാരം ഉണ്ടെങ്കിലും മറ്റു വാക്‌സിനുകൾക്കായുള്ള നടപടികൾ പുരോഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബംഗ്ലാദേശിൽ 7,51,659 കൊവിഡ് കേസുകളും 11,228 മരണങ്ങളും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.