ബാങ്കോക്ക്: തായ്‌ലന്‍റിൽ ഞായറാഴ്ച 2438 പുതിയ കൊവിഡ് കേസുകളും 11 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തതോടെ വിനോദ, കായിക മേഖലകൾ അടച്ചുപൂട്ടാനൊരുങ്ങി ബാങ്കോക്ക്. ഏപ്രിൽ ആദ്യം മുതൽ ബാങ്കോക്കിലെ കൊവിഡ് വ്യാപനം ശക്തമാകാൻ തുടങ്ങിയിരുന്നു. തിങ്കളാഴ്ച മുതലാണ് ഗവർണർ അശ്വിൻ ക്വാൻമുവാങ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ നിലവിൽ വരുക. ജിമ്മുകൾ, പബ്ലിക് പാർക്കുകൾ, മൃഗശാലകൾ, എക്സിബിഷൻ, മീറ്റിംഗ് സെന്‍ററുകൾ, നഴ്സറികൾ, ബോക്സിങ് സ്റ്റേഡിയങ്ങൾ എന്നിവയും രണ്ടാഴ്ചത്തേക്ക് തുറക്കില്ല. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് കേസുകൾ വർധിക്കുന്നതും ആശുപത്രി കിടക്കകളുടെ കുറവും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നതായും ആശുപത്രികൾ നിരസിച്ചതിനെ തുടർന്ന് രണ്ട് കൊവിഡ് രോഗികൾ വീടുകളിൽ തന്നെ മരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് കേസുകൾ കൂടുന്നതിനാൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർ ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.