ഒട്ടാവ: പാകിസ്ഥാൻ സൈന്യത്തെക്കുറിച്ചും ബലൂചിസ്ഥാനിലെ സർക്കാർ അതിക്രമങ്ങളെക്കുറിച്ചും ശബ്ദമുയർത്തിയിരുന്ന കരിമ ബലൂച് എന്ന പ്രവർത്തകയെ കാനഡയിലെ ടൊറന്‍റോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച കാണാതായ കരിമയെ ടൊറന്‍റോ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിരുന്നു.
ബലൂചിസ്ഥാനിലെ പാകിസ്ഥാന്‍റെ അതിക്രമങ്ങളെ കുറിച്ച് പുറംലോകത്തോടെ പറഞ്ഞതു വഴി പ്രശസ്തയായിരുന്നു കരിമ. സ്വിറ്റ്സർലൻഡിലെ ഐക്യരാഷ്ട്ര സഭ സെഷനുകളിലും ബലൂചിസ്ഥാൻ വിഷയം ഉന്നയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ബലൂചിസ്ഥാനിലെ ജനങ്ങളെ ഉന്മൂലനം ചെയ്യാനും വിഭവങ്ങൾ അപഹരിക്കാനും ശ്രമിക്കുകയാണെന്ന് കരിമ ബലൂച് കുറ്റപെടുത്തിയിരുന്നു.
മെയ് മാസത്തിൽ ബലൂച് മാധ്യമപ്രവർത്തകൻ സാജിദ് ഹുസൈനെ സ്വീഡനിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്‍റെ അതിക്രമത്തിൽ ആയിരക്കണക്കിന് ബലൂച് രാഷ്ട്രീയ പ്രവർത്തകരാണ് ബലൂചിസ്ഥാനിൽ നിന്ന് രക്ഷപ്പെടുകയും യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്യുന്നത്. ഈ അഭയാർഥികളിൽ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടുന്നു.