യാങ്കോൺ: അനധികൃതമായി വാക്കി ടോക്കികൾ കൈവശം വെച്ചതിന് നാഷണൽ ലീഗ് ഫോൻ ഡെമോക്രാറ്റിക്(എൻഎൽഡി) നേതാവ് ആങ് സാൻ സ്യൂചിക്കെതിരെ മ്യാൻമർ പൊലീസ് കേസെടുത്തു. നാഷണൽ ലീഗ് ഫോൻ ഡെമോക്രാറ്റിക് പാർട്ടി വക്താവ് കെയ്ടോ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സൂചിക്കെതിരെ കേസ് എടുത്ത വാർത്ത സ്ഥിരീകരിച്ചു. പാർട്ടി വക്താവ് കേസ് സ്ഥിരീകരിക്കും മുൻപ് തന്നെ സുചിക്കെതിരായ കുറ്റപത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്‍റ് വിൻ മൈന്‍റിനെതിരെ പ്രകൃതി ദുരന്ത നിവാരണ നിയമം ലംഘിച്ചതിനും കേസ് എടുത്തതായ് വക്താവ് അറിയിച്ചു. കുറ്റ പത്രം അനുസരിച്ച് ഫെബ്രുവരി ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഈ മാസം 15 വരെ ഇരുവരെയും റിമാൻഡിൽ പാർപ്പിക്കും. കേസിന്‍റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അട്ടിമറിയിലൂടെ സൈന്യം മ്യാൻമറില്‍ അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു അട്ടിമറി. സ്റ്റേറ്റ് കൗണ്‍സിലർ ആയിരുന്ന സ്യൂചിയെയും മറ്റ് പ്രധാന നേതാക്കളെയെല്ലാം സൈന്യം തടവിലാക്കിയിരുന്നു. അതിനിടയിലാണ് സ്യൂചിക്കെതിരെയും വിൻമൈന്‍റിനെതിരെയും കേസുകൾ രജിസ്റ്റർ ചെയ്‌തത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കൊവിഡ് നേരിടുന്നതിനും സമ്പത്ത് വ്യവസ്ഥയുടെ ഉണർവിനും കൂടുതൽ പ്രാധാന്യം നൽകുമെന്നും സൈനിക മേധാവി സീനിയർ ജനറൽ മിൻ ആംഗ് ഹ്ലിംഗ് പട്ടാള ഭരണകൂടത്തിന്‍റെ ആദ്യ യോഗത്തിന് ശേഷം അറിയിച്ചു.