ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചു. 23 പേർക്ക് പരിക്കേൽക്കുകയും 300ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ദ്വീപിന്‍റെ തെക്കൻ തീരത്ത് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ മലംഗ് ജില്ലയിലെ സുംബർപുക്കുങ് പട്ടണത്തിന് 45 കിലോമീറ്റർ തെക്ക് മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂകമ്പം സുനാമിക്ക് കാരണമാകില്ലെന്ന് ഭൂകമ്പ, സുനാമി കേന്ദ്രങ്ങളുടെ തലവൻ റഹ്മത്ത് ട്രിയോനോ അറിയിച്ചു.
ഈ ആഴ്ച ഇന്തോനേഷ്യയിൽ ഉണ്ടായ രണ്ടാമത്തെ പ്രകൃതി ദുരന്തമാണിത്. കഴിഞ്ഞയാഴ്ച വീശിയടിച്ച സെറോജ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ മഴയിൽ 174 പേർ മരിക്കുകയും 48 പേരെ കാണാതാവുകയും ചെയ്തിരുന്നു.
കൂടുതൽ വായിക്കാൻ: ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല