ബാഗ്‌ദാദ്: ഇറാഖില്‍ യുവാക്കൾ നടത്തി വരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിനിടയില്‍ ഒരാൾ കൊല്ലപ്പെടുകയും മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാഷ്ട്രീയ പ്രക്രിയയില്‍ സമഗ്രമായ പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറാഖില്‍ യുവാക്കൾ സർക്കാർ വിരുദ്ധ പ്രക്ഷോഭം നടത്തുന്നത് . ഞായറാഴ്‌ച നൂറുകണക്കിന് പ്രക്ഷോഭക്കാരാണ് ബാഗ്‌ദാദിലെ അല്‍ തെഹ്‌രീര്‍ സ്‌ക്വയറിന്‍റെ അടുത്തുളള തെയ്‌റാന്‍, വാദ്‌ബ എന്നിവിടങ്ങളില്‍ ഒത്തുച്ചേര്‍ന്നത്. ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകൾ കത്തിച്ചു.
ഹൈവേയില്‍ ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്‌തു.പ്രതിഷേധക്കാര്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങൾ അടപ്പിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു.