ബീജിങ്: ചൈനയുടെ അൻഹുയി ഷൈഫെ ലോംഗ്കോം ബയോഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിക്കുന്ന കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. പരീക്ഷണങ്ങളിൽ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള 29,000 വോളന്‍റിയർമാർ പങ്കെടുക്കും. ചൈനയുടെ റീകോംബിനന്‍റ് സബ്യൂണിറ്റ് കൊവിഡ് വാക്സിന്‍റെ ഒന്നും രണ്ടും ഘട്ടം പരീക്ഷണം ഫലപ്രാപ്തി നേടിയതായി കമ്പനി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള കമ്പനിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന് നാഷണൽ മെഡിക്കൽ പ്രൊഡക്റ്റ്സ് അഡ്മിനിസ്ട്രേഷന്‍റെ ക്ലിനിക്കൽ റിസർച്ച് ജൂൺ 19ന് അനുമതി നൽകിയിരുന്നു.
ജൂൺ 23ന് ഗവേഷകർ ഘട്ടം -1, ഘട്ടം -2 ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ബീജിംഗ്, ചോങ്‌കിംഗ്, ഹുനാൻ എന്നിവിടങ്ങളിൽ നിന്നുള്ള 18നും 59നും ഇടയിൽ പ്രായമുള്ള വളണ്ടിയർമാരിൽ വാക്സിൻ പരീക്ഷിച്ചു. ആഗോള പരീക്ഷണങ്ങൾ ഈ മാസം അവസാനം ഉസ്ബെക്കിസ്ഥാനിൽ ആരംഭിക്കുമെന്നും ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഇക്വഡോർ എന്നിവിടങ്ങളിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. കൊവിഡ് വാക്സിന്‍റെ വാർഷിക ഉൽപാദന ശേഷി 300 ദശലക്ഷം ഡോസുകൾക്ക് മുകളിൽ വരുമെന്ന് കമ്പനി അറിയിച്ചു.