മോസ്കോ: മോസ്കോയിൽ നിന്ന് 143 ഇന്ത്യക്കാരുമായി എയർ ഇന്ത്യൻ വിമാനം ബിഹാറിലേക്ക് പുറപ്പെട്ടു. മോസ്‌കോയിൽ നിന്നുള്ള എയർ ഇന്ത്യയുടെ ഏഴാമത്തെ വിമാനമാണ് ഇന്ന് എത്താൻ പോകുന്നത്. കൊവിഡ് ബാധയെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്‍റെ 'വന്ദേ ഭാരത്' മിഷന്‍റെ ഭാഗമായി 57,000 ൽ അധികം പേരെ ഇന്ത്യയിലെത്തിച്ചു കഴിഞ്ഞു.
മെയ് ഏഴിന് മിഷന്‍റെ ഒന്നാം ഘട്ടവും, മെയ് 16 ന് രണ്ടാം ഘട്ടവും ആരംഭിച്ചു. രണ്ടാം ഘട്ടം ജൂൺ 13 വരെ നീട്ടിയതായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടത്തിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും എയർ ഇന്ത്യയുടെ 70 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ജൂൺ 11 നും 30 നും ഇടക്കായിരിക്കും സർവീസ് നടത്തുക. ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾ സജ്ജീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.