കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ രണ്ട് വ്യത്യസ്‌ത ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ ആദ്യ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാബൂളിന് വടക്കുള്ള പർവാൻ പ്രവിശ്യയിലെ ഒരു പള്ളിക്ക് നേരെ അജ്ഞാതരായ ആയുധധാരികൾ വെടിവെയ്‌പ്പ് നടത്തിയതിൽ എട്ട് വിശ്വാസികൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ഏരിയൻ പറഞ്ഞു. പിന്നാലെ അഫ്ഗാനിസ്താനിലെ കിഴക്കന്‍ കോസ്റ്റ് പ്രവിശ്യയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം സമീപത്തെ പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന ഒരു കുടുംബത്തിന് നേരെയാണ് തോക്കുധാരികൾ ആക്രമണം നടത്തിയത്. വെടിയേറ്റ് മൂന്ന് സഹോദരന്മാർ കൊല്ലപ്പെടുകയും ചെയ്‌തു. വെടിവെയ്‌പ്പിന് ശേഷം, രണ്ട് സ്ഥലങ്ങളിൽ നിന്നും അക്രമികൾ ഓടിരക്ഷപ്പെട്ടു. ആക്രമണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇത് മനുഷ്യരാശിക്കെതിരായ അതിക്രമമാണെന്നും പര്‍വാന്‍ പ്രവിശ്യാ ഗവര്‍ണര്‍ വാഹിദാ ഷാകര്‍ പറഞ്ഞു.
ഒരു ദിവസത്തിൽ രണ്ടിടങ്ങളിൽ രണ്ടു സമയത്തായി നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേ സമയം താലിബാൻ, ആക്രമണത്തിലെ പങ്കാളിത്തം നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച കാബൂളിലെ ഒരു ആശുപത്രിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ശിശുക്കളടക്കം 24 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പിന്നിൽ ഐഎസ് ആണെന്ന് വാഷിംഗ്ടൺ കുറ്റപ്പെടുത്തി. അഫ്‌ഗാനിൽ പള്ളികൾ ആക്രമണത്തിന്‍റെ വേദിയാകുന്നത് പതിവാണ്. കഴിഞ്ഞ ഒക്ടോബറിൽ കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇവിടെ സ്‌ഫോടനത്തിന്‍റെ ഭാഗമായി മേൽക്കൂര തകർന്ന് 62 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.