ന്യൂഡൽഹി/ കാബൂൾ: 18 വര്‍ഷത്തെ സംഘര്‍ഷം അവസാനിച്ച് അഫ്‍ഗാനിസ്ഥാൻ സര്‍ക്കാര്‍ തടവിലാക്കിയ 361 താലിബാന്‍ പോരാളികളെ വിട്ടയച്ചു. ഇനിയും 1,500 തടവുകാരെ മോചിപ്പിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം, അഫ്‌ഗാന്‍റെ തെക്കൻ പ്രവിശ്യയായ കാണ്ഡഹാറിൽ നിന്നും വിട്ടയച്ചതായി അവകാശപ്പെടുന്ന തടവുകാരുടെ പേരും വിവരങ്ങളും താലിബാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ, യുഎസ്-താലിബാൻ സമാധാന കരാർ പ്രകാരം 5,000 പേരെ മോചിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. ആയിരത്തോളം അഫ്‌ഗാൻ സൈനികരെയും പൗരന്മാരെയും തങ്ങളുടെ ജയിലുകളിൽ നിന്ന് മോചിപ്പിക്കാമെന്ന് താലിബാനും വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. ഇരു കൂട്ടരും തടവുകാരെ കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് അഫ്‌ഗാനിസ്ഥാനായുള്ള യുഎസ് പ്രത്യേക പ്രതിനിധി സല്‍മയ് ഖലീല്‍സാദ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തടവുകാരുടെ എണ്ണം മറ്റ് സമയങ്ങളെ അപേക്ഷിച്ച് വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.