ഇസ്ലാമബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ബുധനാഴ്‌ച നടന്ന ബസ് സ്ഫോടനത്തിൽ ഒൻപത് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ചൈനീസ് പൗരന്മാർക്ക് നേരെയുള്ള ആസൂത്രിത ആക്രമണം ആണോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ബസ് വളരെ അധികം ദൂരത്തേക്ക് തെറിച്ചുപോയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇസ്ലാമബാദിലെ ചൈനീസ് എംബസി ചൈനീസ് പൗരന്മാരെ ആക്രമിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു ചൈനീസ് സ്ഥാപനത്തിന് നേരെയായിരുന്നു ആക്രമണമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഗൗരവമായി അന്വേഷണം വേണമെന്നും പാകിസ്ഥാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ആവശ്യപ്പെട്ടു.
Also Read: ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 50 പേർ കൊല്ലപ്പെട്ടു
അതേസമയം പാകിസ്ഥാന്‍റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതാണ് നിലവിൽ നടന്ന സ്ഫോടനമെന്നും സംഭവം ഊർജിതമായി അന്വേഷിക്കുമെന്നും പാകിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ഖൈബർ പഖ്‌തുൻഖ്‌വ പ്രവിശ്യയിലെ ദാസു ഡാം നിർമാണ സ്ഥലത്തേക്ക് പോകുകയായിരുന്ന ബസിൽ എഞ്ചിനീയർമാരും സർവേയർമാരും ഉൾപ്പെടെ 30 ചൈനീസ് തൊഴിലാളികളെങ്കിലും ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പടിഞ്ഞാറൻ ചൈനയെ തെക്കൻ പാകിസ്ഥാനിലെ ഗ്വാഡാർ കടൽ തുറമുഖവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബെൽറ്റ് ആൻഡ് റോഡ് ഓർഗനൈസേഷന്റെ കീഴിലുള്ള ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമാണ് ദാസു ജലവൈദ്യുത പദ്ധതി.