ഇസ്ലാമാബാദ്: പെഷാവാര്‍ ആര്‍മി പബ്ലിക് സ്കൂള്‍ ആക്രമണത്തിന്‍റെ അഞ്ചാം വാര്‍ഷികം ആചരിച്ച് പാകിസ്ഥാന്‍. 2014ല്‍ തെഹ്‌രീക്ക്-ഇ-താലിബാന്‍ തീവ്രവാദ സംഘടനയിലെ ആറ് തീവ്രവാദികള്‍ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 149 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ സ്മരണക്കായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
പ്രധാന ഔദ്യോഗിക പരിപാടികള്‍ എപിഎസ് കാമ്പസിലാണ് നടന്നത്. മറ്റ് പരിപാടികള്‍ പെഷാവാര്‍ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി കോളജിലും ആര്‍ക്കൈവ്സ് ലൈബ്രറിയിലെ എപിഎസ് ഷുഹാദ ഹാളിലും നടന്നു. ഞായറാഴ്ച കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ എപിഎസ് സുഹദ മെമ്മോറിയലില്‍ മെഴുകു തിരി കത്തിച്ച് ഓര്‍മ്മ ദിവസം ആചരിച്ചു. മരിച്ച വിദ്യാര്‍ഥികളുടെ ചിത്രങ്ങളും ഹാളില്‍ പ്രദര്‍ശിപ്പിച്ചു.