ടോക്കിയോ: ജപ്പാനിൽ 568 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10,361 ആയി. ഇതിൽ 712 പേർ ടോക്കിയോയിൽ ക്രൂയിസ് കപ്പലിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. ഇവരിൽ 174 പേർ മരിച്ചു. അമേരിക്കയെയും യൂറോപ്പിനെയും അപേക്ഷിച്ച് ജപ്പാനിൽ കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. എന്നാൽ ജപ്പാൻ പുറത്തുവിട്ട കണക്കുകളേക്കാൾ കൂടുതൽ പേർക്ക് രോഗബാധയുണ്ടെന്നാണ് നിഗമനം.
ടോക്കിയോയിലും മറ്റ് പ്രദേശങ്ങളിലും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജപ്പാൻ. രോഗലക്ഷണങ്ങൾ ഉള്ളവരെ നേരിട്ട് തന്നെ പരിശോധനാ കേന്ദ്രത്തിലെത്തിക്കും. ഇതിലൂടെ നേരത്തെ തന്നെ രോഗസാധ്യത തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കാൻ സാധിക്കും. രോഗബാധ തടയാൻ പരിശോധനാ കേന്ദ്രങ്ങൾ കൂട്ടുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. ടോക്കിയോയിലും മറ്റ് ആറ് നഗരങ്ങളിലും പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രാജ്യം മുഴുവൻ വ്യാപിപ്പിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ അറിയിച്ചു. ജനുവരി പകുതിയോടെയാണ് ജപ്പാനിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ പത്ത് ദിവസത്തിനുള്ളിൽ 5,000 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.