ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ തിങ്കളാഴ്ച രാത്രി നടന്ന രണ്ട് ഭീകരാക്രമണങ്ങളിലായി നാല് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ പിർ ഇസ്മയിൽ സിയാരത്തിനടുത്തുള്ള ഒരു ഫ്രോണ്ടിയർ കോർപ്‌സ് (എഫ്‌സി) പോസ്റ്റ് ലക്ഷ്യമിട്ട് തീവ്രവാദികൾ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാകിസ്ഥാൻ സായുധ സേനയുടെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഐഎസ്‌പിആർ പറഞ്ഞു. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read Also..........പാകിസ്ഥാനില്‍ ബോംബാക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്
രണ്ടാമത്തെ സംഭവത്തിൽ, തീവ്രവാദികൾ സൈനിക വാഹനം ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തെ അപലപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും സമാധാനം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു.