ഇസ്ലാമബാദ് : ഖൈബർ പഖ്‌തുൻഖ്‌വ പ്രവിശ്യയിലെ വസീറിസ്ഥാനില്‍ പാകിസ്ഥാൻ സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്പ്പ്. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അക്രമികൾ രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അടുത്തിടെ, അഫ്‌ഗാൻ അതിർത്തി പ്രദേശങ്ങളിൽ പാക് സുരക്ഷ സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം വടക്കൻ വസീറിസ്ഥാനിലും ഒരു സുരക്ഷ സൈനികൻ കൊല്ലപ്പെട്ടിരുന്നു.
Also Read: അഫ്‌ഗാനില്‍ കാർ ബോംബ് സ്ഫോടനം ; 2 പേർ കൊല്ലപ്പെട്ടു
അതിർത്തിയിൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കാൻ പാകിസ്ഥാൻ നിരന്തരം അഫ്‌ഗാനിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി വേലി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആകെ 2,600 കിലോമീറ്റർ അതിർത്തിയാണ് പാകിസ്ഥാൻ അഫ്‌ഗാനുമായി പങ്കിടുന്നത്. ഇതിൽ ഭൂരിഭാഗം പ്രവൃത്തികളും പൂർത്തീകരിച്ചതായാണ് റിപ്പോർട്ടുകൾ.